ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സഭാപ്രസംഗി 7:12 ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമ്മുടെ ഹൃദയങ്ങളിൽ പരസംഗത്തിന്റെ ആത്മാവിന് ഇടം കൊടുക്കരുത്. 

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നമ്മുടെ അപേക്ഷ ദൈവ ഹിതത്തിനു അനുയോജ്യമായിരിക്കണം.  എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 3:15-28  ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപനം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെനിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകലഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.

 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.

 അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.

 ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപോരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.

 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.

 അവൾ അർദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.

 രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.

 അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.

 അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.

 ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.

 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.

 ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു.

 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.

 രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.

     പ്രിയമുള്ളവരേ  കർത്താവ് ഇതിനെ ദൃഷ്ടാന്തപ്പെടുത്തുന്നത്, വ്യഭിചാരത്തിന്റെ ആത്മാവ് ഇപ്പോഴും യിസ്രായേല്യരുടെ ഇടയിൽ വസിക്കുന്നുണ്ടെന്ന് നാം ചില ദിവസങ്ങൾക്ക് മുമ്പ് ധ്യാനിച്ചിരുന്നു. അതുകൊണ്ട് ഇന്ന് ഒരേ വീട്ടിൽ രണ്ട് വേശ്യകൾ താമസിക്കുന്നുവെന്നും അവർ രണ്ടുപേരും   ആൺകുഞ്ഞിന് ജന്മം നൽകിയെന്നു പറയപ്പെടുന്നതു നമ്മുടെ ആത്മാവിനെ കാണിക്കുന്നു . എന്തെന്നാൽ അത് നമ്മുടെ ഹൃദയത്തിൽ ജനിക്കുന്ന രണ്ട് തരത്തിലുള്ള ചിന്തകൾ, ഒഹൊല എന്നത്  ശമര്യ ജാതികളുടെ ക്രിയകൾ,  ഒഹൊലീബ എന്നതിന്  യെരുശലേം. അതായത് ഇവിടെ മാനസാന്തരമില്ലാത്ത നിർജ്ജീവ പ്രവൃത്തികൾ വേശ്യയുടെ ആത്മാവാകുന്നു. ഇത് വിഗ്രഹത്തെ പിൻപറ്റുന്നവരെ ദൃഷ്ടാന്തപ്പെടുത്തുന്നു. എന്നാൽ ഒഹൊലയെക്കാൾ  അധികം വ്യഭിചാരമാണ് ഒഹൊലീബ ചെയ്യുന്നതെന്ന് ദൃഷ്ടാന്തം  കാണിക്കുന്നു. എന്തെന്നാൽ  യെരുശലേം എന്നാൽ  ക്രിസ്തുവിന്റെ മക്കളായി വേഷം ധരിച്ചു നടന്നു    സത്യ വചനം അനുസരിക്കാതെ  ആത്മാവിൽ അനേകം ലൗകിക മോഹങ്ങളും അലങ്കാരങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ, കർത്താവ് ഒഹൊലയെക്കാൾ അധികം കഠിനമായി ഒഹൊലീബയെ  ശിക്ഷിക്കുന്നു. അതുകൊണ്ടു

യേഹേസ്കേൽ 23:36-49  പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ളേച്ഛതകളെ അവരോടു അറിയിക്ക.

 അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.

 ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.

 അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.

 ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,

 ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു;

 നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.

 അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.

 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.

 എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുകട കയ്യിൽ രക്തവും ഉണ്ടു.

 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.

 ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.

 ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളുടെ ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

 അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.

      മേൽപ്പറഞ്ഞിരിക്കുന്ന വാക്യങ്ങൾ ധ്യാനിച്ച്, നമ്മുടെ ആത്മാവ് ജ്ഞാനം പ്രാപിച്ചു പുതിയ യെരുശലേമായിത്തീരാൻ  നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.