ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യാക്കോബ് 4:10 കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ആത്മാവ് താഴ്മ ധരിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ഒരിക്കലും കോവർകഴുതയെപ്പോലെ ആയിരിക്കരുത് എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2 ശമൂവേൽ 18: 11-15 യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

 അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.

 അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു.

 എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.

 യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു. 

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ,     നമ്മുടെ ആത്മാവിനെക്കുറിച്ചുള്ള വചനങ്ങളായി  ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. ദാവീദിന്റെ പുത്രനായ അബ്ശാലോം അവൻ തന്നെത്തന്നെ രാജാവാക്കാൻ ആഗ്രഹിച്ചത്തിന്റെ കാരണത്താൽ, ദാവീദ് രാജാവിന്റെ സിംഹാസനത്തിനു വിരോധമായി  പ്രവർത്തിച്ചു  അവൻ യിസ്രായേല്യരെ അവനു അനുകൂലമായി മാറ്റി എടുക്കുന്നത്  നാം കാണുന്നു. ആകയാൽ തന്റെ മകൻ അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു ദാവീദ് രാജാവു  ചിന്തിച്ചെങ്കിലും, അബ്ശാലോം  പ്രവർത്തിച്ച ദുഷ്‌പ്രവൃത്തികൾ കാരണം കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; ഇത് നാം നോക്കുമ്പോൾ അവൻ തലവൻ ആകണമെന്ന് വിചാരിച്ചതിനാൽ അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു, ദാവീദിന്റെ  ചേവകരുടെ  കൈയാൽ അവൻ കൊല്ലപ്പെടുന്നു. ഇതിന്റെ ഉൾക്കരുത്തുകൾ എന്തെന്നാൽ നമ്മുടെ ആത്മാവ്  ക്രിസ്തുവിന്റെ സിംഹാസനത്തിനെതിരെ എഴുന്നേൽക്കാതെ സ്വയം താഴ്ത്തണം എന്നതാണ്. ഇങ്ങനെ നാം നമ്മെത്തന്നെ താഴ്ത്താതെ ഉയർത്തിയാൽ, കർത്താവ് നമ്മുടെ ശത്രുവായി പ്രവർത്തിക്കും. എന്നാൽ നാം നമ്മെത്തന്നെ താഴ്ത്തുകയാണെങ്കിൽ, നാം കർത്താവിനാൽ ഉയർത്തപ്പെടുകയും കൃപയിൽ വളരുകയും ചെയ്യും. അതുകൊണ്ട് നാം ഓരോരുത്തരും താഴ്മപ്രാപിക്കാൻ ദൈവസന്നിധിയിൽ  താഴ്ത്തി  നമ്മെ സമർപ്പിക്കാം,  നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.