ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാവു 16:5,6 അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.

 ഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ആത്മാവിന്റെ  പെരുമ നീക്കം ചെയ്യുന്നത് - ദൃഷ്ടാന്തം.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ലൗകിക മഹത്വം ഉപേക്ഷിച്ച് മാനസാന്തരപ്പെടുകയും കർത്താവിൽ രക്ഷിക്കപ്പെടുകയും വേണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2രാജാക്കന്മാർ 3:19- 27 നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.

 പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.

 എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.

 രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:

 അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.

 അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.

 പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.

 മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.

 ആകയാൽ അവൻ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, എപ്രകാരം ക്രിസ്തു നമ്മുടെ ആത്മാവിലുള്ള പെരുമ നശിപ്പിച്ച് നമ്മെ രക്ഷിക്കുന്നതെങ്ങനെയെന്നു ദൃഷ്ടാന്തപ്പെടുത്തുന്നു. മോവാബ്യർ പെരുമായുള്ളവർ, തങ്ങൾ എന്തിനെ  പ്രധാനമായി ചിന്തിക്കുകയും തങ്ങളിൽ    അഭിമാനിക്കുകയും ചെയ്തിരുന്നോ, ആ കാര്യത്തെ അവർ  കർത്താവിന്റെ നാമത്തിൽ നൽകുമ്പോൾ അവരുടെ പെരുമ നീങ്ങുകയും, ക്രിസ്തു അവരുടെ ആത്മാവിലേക്ക് വന്ന് അവരെ രക്ഷിക്കുകയും ചെയ്യുന്നു. ഇവർ രക്ഷിക്കപ്പെട്ടതു എങ്ങനെയെന്നാൽ, ദൈവം തന്റെ പ്രവാചകന്മാരിലൂടെ പറഞ്ഞ വാക്കുകൾ നിറവേറ്റുന്നു. ദൈവത്തിന്റെ  ജീവജലമായ  വചനത്താൽ. ആ വചനം അവരിലേക്ക് കടന്നു പോകുമ്പോൾ അത് ക്രിസ്തുവിന്റെ രക്തമായി മാറുന്നു, ആ രക്തം അവരുടെ പാപങ്ങൾ കഴുകി അവരെ ശുദ്ധീകരിക്കുന്നു. ഈ വിധത്തിൽ അവരെ ശുദ്ധീകരിക്കുമ്പോൾ, അവരുടെ പഴയ ജീവിതത്തിൽ നിന്നുള്ള അവരുടെ പാരമ്പര്യ പെരുമയെല്ലാം നശിച്ചു, ഒരു പുതിയ ഹൃദയം അവരിലേക്ക് കടന്നുവരാൻ കർത്താവ് അവരെ പല ക്ലേശങ്ങളിലൂടെ കടന്നുപോകാൻ അനുവദിക്കുന്നു. ആ ക്ലേശങ്ങളിൽക്കൂടെ സഹിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ  അവർ തങ്ങളുടെ അഭിമാനമായും, പെരുമയായും സൂക്ഷിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ കർത്താവിനു സമർപ്പിക്കുന്നു. ഇപ്രകാരം അവരുടെ ഹൃദയത്തിലിരുന്ന പെരുമ  ഇല്ലാതാകുന്നു. ഈ രീതിയിൽ നാമും സകല പെരുമയായ ചിന്തകളും ഉപേക്ഷിച്ച് ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.